മദ്യപിച്ചശേഷം വാക്കുതർക്കം മൂത്തു; അച്ഛൻ മകനെ കുത്തിക്കൊന്നു; രക്തം വാർന്ന് കിടന്നത് അരമണിക്കൂർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 07:56 AM  |  

Last Updated: 15th November 2021 07:56 AM  |   A+A-   |  

sasidharan

അറസ്റ്റിലായ ശശിധരന്‍, കൊല്ലപ്പെട്ട അരുണ്‍

 

തിരുവനന്തപുരം: മദ്യപിച്ചശേഷം ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഓലത്താന്നി, പാതിരിശ്ശേരി, താഴങ്കാട് വീട് എസ് എസ് ഭവനില്‍ അരുൺ (32) ആണ് മരിച്ചത്. കൊലപാതകത്തിന്ശേഷം ഒളിവില്‍പ്പോയ അച്ഛന്‍ ശശിധരന്‍നായരെ (62) നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി. 

ശനിയാഴ്ച രാത്രി 9.45-നാണ് സംഭവം. ഇരുവരും മദ്യപിച്ചശേഷം വീട്ടില്‍വെച്ച് വഴക്കിട്ടു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരന്‍നായര്‍ മകന്‍ അരുണിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.അരുണിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിനുശേഷം ശശിധരന്‍നായര്‍ ജോലി ചെയ്യുന്ന ഓലത്താന്നിയിലെ ഹോട്ടലില്‍ പോയി ഒളിച്ചിരുന്നു. കുത്തേറ്റ അരുണ്‍ അരമണിക്കൂറോളം രക്തം വാര്‍ന്ന് കിടന്നു. അമ്മ ശാന്തകുമാരി അരുണിന്റെ സുഹൃത്തുക്കളെ അറിയിച്ചു. ഇവരെത്തി അരുണിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.