ജീവനൊടുക്കാൻ ആറ്റിൽ ചാടി; കുത്തൊഴുക്കിനിടെ മരച്ചില്ലയില്‍ പിടിച്ചുകിടന്നത് ഒന്നരമണിക്കൂര്‍; സാഹസികമായി രക്ഷപ്പെടുത്തി

കുത്തൊഴുക്കില്‍പ്പെട്ട ഇവര്‍ രണ്ടുപ്രാവശ്യം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയശേഷം ആറ്റിലേക്ക് ചാഞ്ഞുനിന്ന തേരകമരത്തിന്റെ കൊമ്പില്‍ പിടിത്തമിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാരായ യുവാക്കൾ രക്ഷപ്പെടുത്തി.  കാളവയല്‍ സ്വദേശിനിയായ 23-കാരിയെയാണ് രക്ഷിച്ചത്. ഇത്തിക്കരയാറ്റില്‍ വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിന് സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. 

ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച യുവതി മരച്ചില്ലയില്‍ പിടിച്ചുകിടന്നത് ഒന്നരമണിക്കൂറോളമാണ്. ഇത്തിക്കരയാറ്റില്‍ വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിനു താഴെ ഈഴത്തറ കടവില്‍ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്.

കുത്തൊഴുക്കില്‍പ്പെട്ട ഇവര്‍ രണ്ടുപ്രാവശ്യം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയശേഷം ആറ്റിലേക്ക് ചാഞ്ഞുനിന്ന തേരകമരത്തിന്റെ കൊമ്പില്‍ പിടിത്തമിട്ടു. മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന ഇവരുടെ നിര്‍ത്താതെയുള്ള കരച്ചില്‍ ശബ്ദം പരിസരവാസിയായ മനേഷിന്റെ ശ്രദ്ധയില്‍പ്പെട്ടു.

വന്യജീവിയുടെ കരച്ചിലാണെന്നു ശങ്കിച്ച് ആളുകള്‍ ആറ്റുതീരത്തേക്ക് പോയില്ല. ഏഴര കഴിഞ്ഞിട്ടും കരച്ചില്‍ നിലയ്ക്കാത്തതിനെ തുടര്‍ന്ന് മനേഷ് മൊബൈല്‍ ഫോണില്‍ പരിസരവാസികളും സുഹൃത്തുക്കളുമായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു എന്നിവരെ വിവരമറിയിച്ചു. നാലുപേരുംചേര്‍ന്ന് ടോര്‍ച്ച് വെട്ടത്തില്‍ ശബ്ദംകേട്ടഭാഗത്തു നടത്തിയ തിരച്ചിലിലാണ് മരച്ചില്ലയില്‍ തൂങ്ങിക്കിടന്ന യുവതിയെ കണ്ടത്.

കുത്തിയൊഴുകുന്ന പുഴയിലിറങ്ങാന്‍ ആദ്യം മടിച്ചെങ്കിലും, പിന്നീട് രാജേഷ് ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് കുടുക്കുണ്ടാക്കി, ചന്ദ്രബോസ് ആറ്റിലിറങ്ങി യുവതിയെ കൈലിയുടെ കുടുക്കില്‍ മുറുക്കിക്കെട്ടി.  തുടര്‍ന്ന് നാലുപേരുംകൂടി വലിച്ച് കരയ്ക്കുകയറ്റുകയായിരുന്നു. 

മരച്ചില്ലയില്‍ തൂങ്ങിക്കിടന്ന യുവതിയുടെ കൈകാലുകള്‍ തണുത്തുമരവിച്ചനിലയിലായിരുന്നു. അല്പസമയത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലായ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. വിവരമറിഞ്ഞ് പൂയപ്പള്ളി എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും യുവതിയെ കരയ്‌ക്കെത്തിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com