സ്വത്തു തര്‍ക്കം: രണ്ടാനച്ഛന്റെ ആസിഡ് ആക്രമണം; പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 11:30 AM  |  

Last Updated: 15th November 2021 11:30 AM  |   A+A-   |  

biju

മരിച്ച ബിജു ചാക്കോ/ ടെലിവിഷൻ ദൃശ്യം

 

കണ്ണൂര്‍: ആസിഡ് ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു. പേരാവൂര്‍ മണത്തണ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ (50) ആണ് മരിച്ചത്. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടാനച്ഛനാണ് ബിജുവിന് നേര്‍ക്ക് ആസിഡ് ആക്രമണം നടത്തിയത്. 

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിടെയാണ് അന്ത്യം സംഭവിച്ചത്. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒക്ടോബര്‍ 29നാണ് ബിജു അക്രമിക്കപ്പെട്ടത്. അന്നേ ദിവസം പുലര്‍ച്ചെ മണത്തണ ടൗണിലെ കുളത്തിലേക്ക് പോവുന്നതിനിടെയാണ് സംഭവം. 

ജീപ്പില്‍ പോകുമ്പോള്‍ റോഡില്‍ കല്ലുകള്‍ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. ജീപ്പില്‍നിന്ന് ഇറങ്ങിയോടുന്നതിനിടെ വെട്ടുകത്തി കൊണ്ട് ബിജുവിന്റെ കൈയില്‍ വെട്ടുകയും ആശുപത്രിയില്‍ കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. 

അയല്‍വാസികളാണ് ബിജുവിനെ പേരാവൂരിലെ  ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ അന്ന് തന്നെ കോഴിക്കോട്ടെ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

കേസില്‍ ബിജുവിന്റെ രണ്ടാനച്ഛന്‍ മങ്കുഴി ജോസ് (67) സഹായി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരന്‍ (58) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു ചാക്കോ. ഷെല്‍മയാണ് ഭാര്യ.