വിലക്കയറ്റത്തിനെതിരായ സിപിഎം പ്രതിഷേധസമരം മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 11:46 AM  |  

Last Updated: 15th November 2021 11:46 AM  |   A+A-   |  

Covid patients at CPM branch meeting

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം സൃഷ്ടിച്ച് ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം നാളെ നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവെച്ചു. മഴക്കെടുതിയുടെ സാഹചര്യത്തിലാണ് സമരം മാറ്റിയത്. 

വിലക്കയറ്റത്തിനെതിരായ പ്രതിഷേധ സമരം നവംബര്‍ 23 ന് നടക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം അറിയിച്ചു. പെട്രോളിന് അഞ്ചും ഡീസലിന് പത്തും എക്‌സൈസ് തീരുവ കുറച്ചത് ജീവിത ദുരിതം കുറയ്ക്കില്ലെന്നും, ഇന്ധനങ്ങളുടെ തീരുവ കുറയ്ക്കല്‍ നാമമാത്രമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തിയിരുന്നു.

അധിക സെസും സര്‍ചാര്‍ജും പിന്‍വലിക്കണം

പെട്രോള്‍- ഡീസല്‍ എന്നിവയുടെ അധിക സെസും സര്‍ചാര്‍ജും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് സിപിഎം പിബി ആവശ്യപ്പെട്ടു. ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ 33 രൂപയും ഡീസലില്‍ 32 രൂപയും കേന്ദ്ര എക്‌സൈസ് തീരുവയാണ്. 

സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട എക്‌സൈസ് തീരുവയാണ് കുറച്ചത്. എന്നാല്‍, സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് തീരുവയായി (സര്‍ചാര്‍ജ്) 74,350 കോടിയും അഡീഷണല്‍ എക്‌സൈസ് തീരുവയായി (സെസ്) 1,98,000 കോടിയും കേന്ദ്രം ഈടാക്കുന്നു. ഇതിനു പുറമെ മറ്റ് സെസ്-സര്‍ചാര്‍ജ് ഇനത്തില്‍ 15,150 കോടിയും കേന്ദ്രം പിരിക്കുന്നു. 

ഇതെല്ലാം ചേരുമ്പോള്‍ 2.87 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിത വിലയാല്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അര്‍ഥവത്തായ ആശ്വാസമേകാന്‍ അധിക സെസും സര്‍ചാര്‍ജും കേന്ദ്രം അടിയന്തരമായി പിന്‍വലിക്കണം. പിബി യോഗം ആവശ്യപ്പെട്ടു.