കോട്ടയം ന​ഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി; ജയം ഒറ്റ വോട്ടിന്

കോട്ടയം ന​ഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി; ജയം ഒറ്റ വോട്ടിന്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കോട്ടയം: കോട്ടയം ന​ഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. ബിൻസി സെബാസ്റ്റ്യൻ ന​ഗരസഭാ അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിനാണ് ബിൻസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് 22 വോട്ടുകളും എൽഡിഎഫിന് 21 വോട്ടുകളുമാണ് ലഭിച്ചത്. അനാരോ​ഗ്യത്തെ തുടർന്ന് എൽഡിഎഫിന്റെ ഒരം​ഗം വിട്ടുനിന്നു. 

ഇന്ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. മൂന്ന് പേരിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. പിന്നീട് രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തി. ഇതിൽ നിന്ന് ആ​ദ്യ ഘട്ടത്തിൽ കുറവ് വോട്ട് കിട്ടിയ ബിജെപി അം​ഗം രണ്ടാം ഘട്ടത്തിൽ മത്സരിക്കാതെ മാറി നിന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് 22-21 എന്ന നിലയിൽ യു‍ഡിഎഫ് ഭരണം നിലനിർത്തിയത്. എൽഡിഎഫിന്റെ ഒരം​ഗം വിട്ടുനിന്നതും യുഡിഎഫിന് നേട്ടമായി. 

സത്യത്തിന്റേയും നീതിയുടേയും വിജയമാണിതെന്ന് ബിൻസി സെബാസ്റ്റ്യൻ പ്രതികരിച്ചു. നല്ല രീതിയിൽ മുന്നോട്ടു പോയ ഭരണം അട്ടിമറിക്കാൻ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്ന്യേ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക ഉറപ്പ് നൽകുന്നതായും അവർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com