നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്; റോഷനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 09:11 PM  |  

Last Updated: 15th November 2021 09:11 PM  |   A+A-   |  

women attacked by pet dogs

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: താമരശേരിയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. നായ്ക്കളുടെ ഉടമ റോഷന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മര്‍ദ്ദിച്ചുവെന്ന റോഷന്റെ പരാതിയിലാണ് നടപടി. യുവതിയെ നായ്ക്കള്‍ ആക്രമിച്ച സംഭവത്തില്‍ റോഷനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞദിവസമാണ് റോഷന്റെ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റത്. കോഴിക്കോട് താമരശേരിയില്‍ അമ്പായത്തോടിലാണ് വളര്‍ത്തു നായ്ക്കള്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. നടുറോഡിലിട്ട് നായ്ക്കള്‍ സ്ത്രീയെ കടിച്ചു കീറുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

യുവതിയെ വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച സംഭവം

ഫൗസിയയെ നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് ഒടുവില്‍ ആളുകള്‍ ഫൗസിയയെ രക്ഷിച്ചത്. സംഭവത്തില്‍ താമരശേരി പൊലീസ് റോഷനെ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തേയും നിരവധിയാളുകള്‍ക്ക് ഈ നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിദേശയിനം നായ്ക്കളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.