മോഡലുകളുടെ മരണം; 'നമ്പര്‍ 18' ഹോട്ടലുടമയെ ചോദ്യം ചെയ്തത് 11 മണിക്കൂര്‍; നാളെ വീണ്ടും ഹാജാരാകും; ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 07:54 PM  |  

Last Updated: 16th November 2021 09:51 PM  |   A+A-   |  

ancy kabeer

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള ആന്‍സി കബീര്‍

 

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്തത് 11 മണിക്കൂറോളം. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും റോയ് ഹാജരാക്കിയിരുന്നു. ഡിജെ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇന്ന് ഹാജരാക്കിയവയില്‍ ഉണ്ടെങ്കിലും ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം പൊലീസ് ഔഡി കാറിന്റെ െ്രെഡവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനു പിന്നാലെ സൈജു ഹോട്ടല്‍ ഉടമ റോയിയെയും മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ െ്രെഡവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്. 

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.  ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.