അഞ്ചുശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ; പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 05:35 PM  |  

Last Updated: 16th November 2021 05:35 PM  |   A+A-   |  

Kerala govt announce new loan scheme

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അഞ്ചുശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് പുനരാവിഷ്‌കരിക്കുന്നത്.സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

നിലവില്‍ 7% പലിശയില്‍ 50 ലക്ഷം രൂപ വരെയാണ് പദ്ധതി വഴി ലഭ്യമാവുന്നത്. ഇത് ഒരു കോടി രൂപ വരെയാക്കി ഉയര്‍ത്തി.  5% പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്ന രീതിയിലാണ് പദ്ധതി പുതുക്കിയത്. ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കില്‍ 5 വര്‍ഷം കൊണ്ട് 2,500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വര്‍ഷവും കെഎഫ്സി 300 കോടി രൂപയാണ് നീക്കി വയ്ക്കുക. പദ്ധതിയില്‍ 3% സബ്സ്സിഡി കേരള സര്‍ക്കാരും, 2% സബ്സ്സിഡി കെഎഫ്സിയും നല്‍കും.

അഞ്ചുശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ

വ്യവസായ യൂണിറ്റുകള്‍ക്ക് എംഎസ്എംഇ രജിസ്‌ട്രേഷന്‍ ഉണ്ടാവണം. മുഖ്യ സംരംഭകന്റെ പ്രായം 50 വയസ്സില്‍ താഴെ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കും, വനിതാ സംരംഭകര്‍ക്കും പ്രവാസി സംരംഭകര്‍ക്കും പ്രായപരിധി 55 വയസ്സുവരെയാണ്. പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങള്‍ ആധുനികവത്കരിക്കാനും വായ്പ ലഭിക്കും.

പദ്ധതി ചെലവിന്റെ 90% വരെയാണ് വായ്പയായി അനുവദിക്കുക. പുതിയ പദ്ധതികള്‍ക്ക് ഒരു കോടിക്ക് മുകളിലും വായ്പ ലഭിക്കും. ഇത്തരം സാഹചര്യങ്ങളില്‍, ഒരു  കോടി രൂപ വരെ ഉള്ള വായ്പകള്‍  5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്സിയുടെ  സാധാരണ പലിശ നിരക്കില്‍ ഉള്‍പ്പെടുത്തിയായിരിക്കും അനുവദിക്കുക.

10 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകും. എങ്കിലും പലിശ ഇളവ് 5 വര്‍ഷത്തേക്കായിരിക്കും. തെരഞ്ഞെടുത്ത സംരംഭകര്‍ക്കായി കെഎഫ്സി പ്രത്യേക പരിശീലനവും തുടര്‍ സേവനങ്ങളും ലഭ്യമാക്കും.  സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പദ്ധതിയില്‍ പ്രയോജനം ലഭിക്കും.