കരഞ്ഞ് പറഞ്ഞിട്ടും പിന്മാറിയില്ല, അക്രമികളെ കണ്ടാല്‍ തിരിച്ചറിയും; സഞ്ജിത്തിന്റെ ഭാര്യ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 04:38 PM  |  

Last Updated: 16th November 2021 04:38 PM  |   A+A-   |  

palakkad sanjith murder case

അര്‍ഷിക, സഞ്ജിത്ത്

 

പാലക്കാട്: കരഞ്ഞ് പറഞ്ഞിട്ടും അക്രമികള്‍ പിന്മാറാന്‍ തയ്യാറായില്ലെന്ന് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക. കാറിലെത്തിയ സംഘത്തെ കണ്ടാല്‍ തിരിച്ചറിയുമെന്നും അര്‍ഷിക മാധ്യമങ്ങളോട് പറഞ്ഞു. 

ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് സഞ്ജിത്തിനെ വെട്ടിയത്. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. തടയാന്‍ നോക്കിയെങ്കിലും ഒന്നും ചെയ്യാനായില്ല. ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. അതേസമയം കൊല നടത്തിയവരെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും അറസ്റ്റ് വൈകില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. 

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം

കഴിഞ്ഞദിവസം പട്ടാപ്പകലാണ് സഞ്ജിത്തിനെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിവീഴ്ത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. പിന്നില്‍ നിന്നും കാറിലെത്തിയ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തി വടിവാളിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഞ്ജിത്തിനെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതിനിടെ സഞ്ജിത്തിനെ വധിച്ച കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.

കേസില്‍ ഇടപെടണമെന്നും, അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായി കെ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറണം. കാരണം ഇതിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. തീവ്രവാദ സംഘടനകളാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.