വിവാഹത്തില്‍ പങ്കെടുത്തത് പാര്‍ട്ടി കുടുംബമായതിനാല്‍; മാധ്യമങ്ങള്‍ നൈതികത പാലിക്കണം; ആര്‍ ബിന്ദു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 05:35 PM  |  

Last Updated: 16th November 2021 05:35 PM  |   A+A-   |  

dr_r_bindhu

ഡോ.ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: പാര്‍ട്ടി കുടുംബമായതിനാലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതെന്ന് മന്ത്രി ആര്‍ ബിന്ദു. വധുവിന്റെ അമ്മ പ്രതിയാണെന്ന് കരുതി വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാന്‍ സാധിക്കില്ല. ദീര്‍ഘകാല സുഹൃത്തായ ലതാ ചന്ദ്രന്റെ മകന്റെ വിവാഹത്തിലാണ് പങ്കെടുത്തതെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാധ്യമങ്ങള്‍ നൈതികത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിലാണ് മന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

അമ്പിളി മഹേഷ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ ഒളിവിലായിരുന്നു. ഇവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയില്‍ വിപുലമായ രീതിയില്‍ നടന്നത്.