36 പവൻ മോഷ്ടിച്ചു മുങ്ങി; 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ; ചുരുളഴിഞ്ഞത് നിരവധി കേസുകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 12:57 PM  |  

Last Updated: 16th November 2021 12:57 PM  |   A+A-   |  

robber caught after 22 years

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മോഷണം നടന്ന് 22 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. മോഷണം നടത്തി മുങ്ങിയ ജവഹർ നഗർ ചരുവിളാകത്തു പുത്തൻവീട്ടിൽ കല കുമാറിനെയാണ് (57) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 1998ൽ ശാസ്തമംഗലത്തു താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി സൂര്യനാരായണന്റെ വീട്ടിൽ നിന്ന് 36 പവൻ മോഷണം പോയ കേസിലാണ് കല കുമാർ പിടിയിലായത്. 

മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2000ൽ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. നിരവധിപ്പേരെ ചോദ്യം ചെയ്‌തെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. 2018ൽ സംശയത്തെത്തുടർന്ന് കലകുമാറിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് വിരലടയാളം ശേഖരിച്ചിരുന്നു. സൂര്യനാരായണന്റെ വീട്ടിൽ നിന്നു ലഭിച്ച വിരലടയാളവും കല കുമാറിന്റെ വിരലടയാളവും ഒന്നാണെന്ന് റിപ്പോർട്ട് ലഭിച്ചെങ്കിലും ഇയാൾ അപ്പോഴേക്കും ഒളിവിൽ പോയി. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റോടെ ജവഹർനഗർ, ശാസ്തമംഗലം ഭാഗത്തു നടന്ന ആറ് മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു. സിഐ കെആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.