കാർഡ് ബോർഡ് പെട്ടിയുടെ പാളിയിലും അടി വസ്ത്രത്തിലും പേസ്റ്റ് രൂപത്തിൽ സ്വർണമിശ്രിതം; കരിപ്പൂരിൽ വൻ സ്വർണ വേട്ട
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th November 2021 08:00 PM |
Last Updated: 17th November 2021 08:00 PM | A+A A- |
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചു പേരിൽ നിന്നായി 3.71 കോടിരൂപയുടെ സ്വർണമാണ് പിടികൂടിയത്. കാർഡ് ബോഡിന്‍റെ പാളിക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് പേർ സ്വർണകടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാർഡ്ബോഡിന്റെ പാളികളിൽ സ്വർണം സൂക്ഷിച്ചത്.
കോഴിക്കോട് വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ് പരിശോധനയിൽ പിടിയിലായത്. ബഷീറിൽ നിന്ന് 1628 ഗ്രാമും ആൽബിൻ തോമസിൽ നിന്ന് 1694 ഗ്രാമും നാസറിൽ നിന്ന് 1711 ഗ്രാമുമാണ് പിടിച്ചത്.
അടിവസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച നിലയിലാണ് മറ്റു രണ്ടു പേർ പിടിയിലായത്. 1765 ഗ്രാം സ്വർണവുമായി തൃശൂർ വെളുത്തറ സ്വദേശി നിധിൻ ജോർജ്, 508 ഗ്രാം സ്വർണവുമായി കാസർകോട് മംഗൽപാട് സ്വദേശി അബ്ദുൽ ഖാദർ എന്നിവരാണ് പിടിയിലായത്.
ഡി.ആർ.ഐ നൽകിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കരിപ്പൂർ എയർ ഇന്റലിജൻറ്സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത്രയും സ്വർണം പിടികൂടിയത്