ഷെയ്ഖ് പി ഹാരിസ്, എം വി ശ്രേയാംസ് കുമാര്‍
ഷെയ്ഖ് പി ഹാരിസ്, എം വി ശ്രേയാംസ് കുമാര്‍

എല്‍ജെഡിയില്‍ പരസ്യ പടയൊരുക്കം, ശ്രേയാംസ് രാജിവയ്ക്കണമെന്ന് വിമതവിഭാഗം; നടപ്പാക്കിയത് ഭൂരിപക്ഷ തീരുമാനം, ആരോപണങ്ങള്‍ക്ക് മറുപടി 

സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ എല്‍ജെഡി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് വിമതര്‍ ആവശ്യപ്പെട്ടു

കോഴിക്കോട്: എല്‍ഡിഎഫിലെ ഘടകകക്ഷിയായ എല്‍ജെഡി പിളര്‍പ്പിലേക്ക്. സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ എല്‍ജെഡി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് വിമതര്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ആരോപിച്ചു. 20നകം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ശ്രേയാംസ്്കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും വിമതവിഭാഗം ഭീഷണി മുഴക്കി.  അതേസമയം വിമത വിഭാഗത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ശ്രേയാംസ് കുമാര്‍ തുറന്നടിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് ജനറല്‍ സെക്രട്ടറിമാരായ ഷെയ്ഖ് പി ഹാരിസ് , വി സുരേന്ദ്രന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ വിമത യോഗം വിളിച്ചു കൂട്ടിയത്. സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നു ആരോപിച്ച യോഗം, കഴിഞ്ഞ 5 മാസത്തിനുള്ളില്‍ സംസ്ഥാന കമ്മറ്റി പോലും ചേര്‍ന്നില്ലെന്നും തുറന്നടിച്ചു. ശ്രേയാംസ് കുമാര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും വിമതവിഭാഗം ആരോപിക്കുന്നു. 20നകം അധ്യക്ഷസ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ശ്രേയാംസ്‌കുമാറിനെ  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും വിമതവിഭാഗം ഭീഷണി മുഴക്കി.നാല് ജില്ലാ പ്രസിഡന്റുമാര്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തെന്നും ഷെയ്ഖ് പി ഹാരിസ് അവകാശപ്പെട്ടു. യോഗത്തിന് ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെ അനുമതി ഉണ്ടെന്നും വിമതവിഭാഗം അവകാശപ്പെടുന്നു. എന്നാല്‍ യോഗത്തില്‍ വര്‍ഗീസ് ജോര്‍ജ് പങ്കെടുത്തിരുന്നില്ല.

എല്‍ജെഡിയില്‍ പരസ്യ പടയൊരുക്കം

വിമത വിഭാഗത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് എം വി ശ്രേയാംസ് കുമാറിന്റെ നിലപാട്.  തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. കഴിഞ്ഞ 5 മാസത്തിനുള്ളില്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്നിരുന്നു. നാലുസീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് അറിയിച്ചിട്ടില്ല. വാഗ്ദാനം ചെയ്തത് 3 സീറ്റാണ്. ഒരു ഘട്ടത്തിലും വിഭാഗീയ പ്രവര്‍ത്തനം നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ ഭൂരിപക്ഷ തീരുമാനമാണ് എപ്പോഴും നടപ്പിലാക്കുന്നതെന്നും ശ്രേയാംസ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ തെരഞ്ഞെടുത്തത് ജനാധിപത്യ രീതിയിലാണ്. താന്‍ രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. 20 ന് പാര്‍ട്ടി കമ്മിറ്റി ചേരാനിരിക്കെ സമാന്തര യോഗം ചേര്‍ന്നത് തെറ്റാണെന്നും ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com