കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം; ഡിസംബർ ഒന്നുമുതൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടത്തിന് വിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 02:11 PM  |  

Last Updated: 17th November 2021 02:11 PM  |   A+A-   |  

Restrictions on roadside trade in Kochi

ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ ഒന്ന് മുതൽ കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം പാടില്ലെന്ന് കോടതി ഉത്തരവിട്ടു. പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണം.  നവംബർ 30 നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു.

പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.  അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം കമ്മറ്റി തീരുമാനമെടുക്കണം. ഈ അപേക്ഷകർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമെ വഴിയോര കച്ചവടത്തിന് അനുമതി ലഭിക്കുകയുള്ളൂ. 

അർഹരെന്ന് കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായി കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ജില്ലാ കളക്ടറെയും സിറ്റി പൊലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു.