പ്രണയം നടിച്ച് 16 കാരിയുടെ ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, ബ്ലാക്ക്മെയിൽ ചെയ്ത് നിരന്തരം പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 08:35 AM  |  

Last Updated: 18th November 2021 08:35 AM  |   A+A-   |  

21-year-old arrested for molesting 16 year old girl

അറസ്റ്റിലായ വിഷ്ണു

 

കോട്ടയം: പ്രണയം നടിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് 16-കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21) വിനെ ആണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ന​ഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. 

പ്രണയംനടിച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടാണ് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫോണില്‍ എടുപ്പിച്ച് പ്രതി വാങ്ങിയെടുത്തത്. തുടർന്ന് നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പൊലീസില്‍ പരാതി ലഭിച്ചു. കുട്ടിയെ കണ്ടെത്തിയശേഷം പൊലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഭയം മൂലം വിവരങ്ങള്‍ പുറത്തു പറയാതെ കഴിയുകയായിരുന്നു എന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയെ തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍നിന്നാണ്  കുറവിലങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്.