ഭര്‍ത്താവിനൊപ്പം യുകെയില്‍; പ്രമുഖ സീരിയല്‍ നടിയുടെ വീട്ടില്‍ നിന്ന് 15 പവന്‍ മോഷ്ടിച്ചു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 08:01 PM  |  

Last Updated: 18th November 2021 08:01 PM  |   A+A-   |  

sreekala_sasidharan

ശ്രീകല ശശിധരന്‍

 

കണ്ണൂര്‍: സീരിയല്‍ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം. എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രീകല. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ച ശ്രീകല, മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ്.

താരത്തിന്റെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ശ്രീകലയും കുടുംബവും നാട്ടിലെത്തിയപ്പോളാണ് മോഷണ വിവരം അറിഞ്ഞത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നത്. പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്.

പൊലീസും വിരല്‍ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ ശ്രീകല, പിന്നീട് നിരവധി പരമ്പരകളില്‍ സഹവേഷങ്ങള്‍ ചെയ്യുകയുണ്ടായി. സ്‌നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം തുടങ്ങി ശ്രീകല അഭിനയിച്ച പരമ്പരകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.