അമേരിക്കയിൽ മലയാളി വെടിയേറ്റു മരിച്ച സംഭവം : 15കാരൻ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 08:48 AM  |  

Last Updated: 19th November 2021 08:48 AM  |   A+A-   |  

sajan mathew

കൊല്ലപ്പെട്ട സാജൻ മാത്യു/ ഫെയ്സ്ബുക്ക്

 

ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ അക്രമി അറസ്റ്റിൽ. 15 വയസുകാരനെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. മെസ്ക്വീറ്റിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴ‍‍ഞ്ചേരി ചെറുകോല്‍ സ്വദേശി ചരുവേല്‍ പുത്തന്‍വീട്ടില്‍ സാജന്‍ മാത്യു  ഇന്നലെയാണ് വെടിയേറ്റു മരിച്ചത്. 

മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. നോര്‍ത് ഗാലോവേ അവന്യൂവിലെ കടയില്‍ ഇന്നലെ ഉച്ചസമയത്താണ് വെടിവയ്പ്പുണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പതിനഞ്ചുകാരന്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

വെടിയേറ്റ സാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കെതിരേ ടെക്‌സസ് പൊലീസ് കൊലക്കുറ്റം ചുമത്തി. 

കുവൈത്തില്‍ ജോലിചെയ്തിരുന്ന സാജനും കുടുംബവും 2005-ലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡാലസ് കൗണ്ടിയിലെ മെസ്‌കിറ്റ് സിറ്റിയില്‍ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത് അടുത്തിടെയാണ്. രണ്ടുമാസം മുമ്പുവരെ എല്ലാദിവസവും ബ്യൂട്ടി സപ്ലൈ സ്റ്റോറിലെത്തിയിരുന്ന സാജന്‍, മൂത്തമകളുടെ വിവാഹശേഷം ആഴ്ചയില്‍ രണ്ടുദിവസം മാത്രമായിരുന്നു കടയിലെത്തിയിരുന്നത്.