കുറ്റിക്കാട്ടിൽ ഇലയനക്കം; തൊട്ടുമുന്നിൽ കടുവ! രക്ഷപ്പെടൽ തലനാരിഴയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 08:33 PM  |  

Last Updated: 19th November 2021 08:33 PM  |   A+A-   |  

Tiger in front! narrow Escape

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കടുവയുടെ ആക്രമണത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുവാരക്കുണ്ട് പാന്ത്ര കേരള എസ്റ്റേറ്റ് കുരിക്കൾകാടിലാണ് സംഭവം. വനാതിർത്തിയിൽ കാട് വെട്ടുന്ന ജോലിക്കിടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയടക്കം മൂന്ന് പേർക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്. 

ഝാർഖണ്ഡിലെ തൊഴിലാളി പുഷ്പലത (21), ഭർത്താവ് കരൺ പ്രകാശ് (25), കരുവാരകുണ്ട് സ്വദേശിയായ അരുൺ (35) എന്നിവർക്കു നേരെയാണ് കടുവ ചാടിയത്. സോളാർ വേലി ഉണ്ടായതിനാൽ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് യുവതിയും കുടുംബവും.

സോളാർ വേലിക്ക് സമീപം മുൾക്കാടുകൾക്കുളളിൽ ഇരയെ ഭക്ഷിക്കുന്നതിനിടെയാണ് ഇവരുടെ നേരെ കടുവ തിരിഞ്ഞത്. കടുവ ആക്രമിക്കാനെത്തുന്നത് കണ്ട് മൂന്ന് പേരും ഓടി രക്ഷപ്പെടുന്നതിനിടെ പാറക്കെട്ടിൽ വീണ് യുവതിയുടെ രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റു. യുവതിയെ കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കരുവാരകുണ്ട് വനാതിർത്തിയിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി കടുവയുടേയും പുലിയും ആക്രമണങ്ങൾ പതിവാണ്. വനപാലകർ കെണി വെച്ച് കാത്തിരിപ്പ് തുടങ്ങിയിട്ടും കടുവയെ പിടിക്കാനായിട്ടില്ല.