ടൂറിസ്റ്റുകൾക്ക് സവാരിക്കായി ഉപയോ​ഗിക്കുന്ന കുതിര വിറളിപിടിച്ച് ഓടി; 6-ാം ക്ലാസുകാരന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2021 08:21 AM  |  

Last Updated: 20th November 2021 10:38 AM  |   A+A-   |  

horse_attack

പ്രതീകാത്മക ചിത്രം

 

മൂന്നാർ: വിനോദസഞ്ചാരികൾക്ക് സവാരിക്കായി നിർത്തിയ കുതിര വിറളിപിടിച്ച് ഓടി 6-ാം ക്ലാസ് വിദ്യാർഥിയെ ചവിട്ടി പരിക്കേൽപ്പിച്ചു. മാട്ടുപ്പെട്ടി കൊരണ്ടക്കാട് ഡിവിഷനിൽ ഷാനുവിന്റെ മകൻ സ്റ്റനീഷിന് (12) ആണ് പരിക്കേറ്റത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. 

മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂൾ വിദ്യാർഥിയായ സ്റ്റനീഷ് വ്യാഴാഴ്ച വൈകിട്ട് വീടിനു സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കൊരണ്ടക്കാട് ഭാഗത്ത് 13 കുതിരകളാണുള്ളത്. വിനോദസഞ്ചാരികൾക്ക് സവാരിക്കായി ഉപയോ​ഗിക്കുന്നവയാണ് ഇവ. മേയാൻ അഴിച്ചുവിട്ടിരുന്ന ഇവയിലൊന്നാണ് മൈതാനത്തേക്കു പാഞ്ഞെത്തി കുട്ടിയെ ഉപദ്രവിച്ചത്. നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. 

കളിക്കിടെ വീണു പരുക്കേറ്റെന്നാണ് കുട്ടി ആശുപത്രിയിൽ പറഞ്ഞത്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുതിര ആക്രമിച്ച വിവരം വെളിപ്പെടുത്തിയത്. കുതിരയുടെ ഉടമകൾ ഭീഷണിപ്പെടുത്തിയെന്നും വീണു പരുക്കേറ്റെന്നു പറയാൻ നിർബന്ധിച്ചെന്നും സ്റ്റനീഷ് പറഞ്ഞു. പിതാവ് ഷാനു പൊലീസിൽ പരാതി നൽകി.