ബസ് ചാര്‍ജ് വര്‍ധന : തീരുമാനം ഇന്നുണ്ടായേക്കും; ബസ് ഉടമകളുമായി ​ഗതാ​ഗതമന്ത്രിയുടെ ചർച്ച

ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഇന്നുണ്ടായേക്കും.  ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത്  വൈകീട്ട് നാലരയ്ക്കാണ് ചര്‍ച്ച. മിനിമം ചാർജ് 10 രൂപയായി വർധിപ്പിക്കുമെന്നാണ് സൂചന. 

ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു. കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയാണ് ബസ് ഉടമകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍.

നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എൽഡിഎഫ് നേതാക്കൾക്ക് കൈമാറിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. 

വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ചുരൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് തീരുമാനമെടുത്തേക്കില്ല. ചാർജ് വർധിക്കുന്നത് അനുസരിച്ച് കണ്‍സഷൻ നിരക്കും നേരിയ തോതില്‍ വര്‍ദ്ധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com