സഞ്ജിത്തിനെ കൊന്നത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആര്‍; അക്രമികൾ വന്നത് വെളുത്ത കാറില്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2021 11:36 AM  |  

Last Updated: 20th November 2021 11:42 AM  |   A+A-   |  

FIR alleges Sanjit's murder was politically motivated

കൊല്ലപ്പെട്ട സഞ്ജിത്ത് / ഫയല്‍

 

പാലക്കാട്: പാലക്കാട് മമ്പറത്ത് ഭാര്യയുടെ മുന്നിലിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് എഫ്‌ഐആര്‍. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. 

കൊലപാതകികള്‍ വന്നത് വെളുത്ത ചെറിയ കാറിലെന്ന് എഫ്‌ഐആര്‍ സാക്ഷ്യപ്പെടുത്തുന്നു. കണ്ടാലറിയാവുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നില്‍. തിങ്കളാഴ്ച രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും എഫ്‌ഐആര്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ പേരുകള്‍ എഫ്‌ഐആറിലില്ല. കൊല നടന്ന് ആറ് ദിവസം പിന്നിടുമ്പോഴാണ് എഫ്‌ഐആര്‍ പകര്‍പ്പ് പുറത്തുവരുന്നത്.

പ്രതികള്‍ സഞ്ചരിച്ച മാരുതി 800 വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പഴയ വാഹനമാണ്. അതിന്റെ ചില്ലുകളില്‍ കൂളിങ് ഗ്ലാസ് ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497990095, 9497987146 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.

സംഭവത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് എസ്പി ആര്‍ വിശ്വനാഥിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.  തൃശ്ശൂരിലേക്ക് പോകാതെ സര്‍വ്വീസ് റോഡില്‍ നിന്നും തമിഴ്‌നാട് ഭാഗത്തേക്ക് പ്രതികള്‍ കടന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങളായ കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.