ഹലാല്‍ വിവാദം: ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സന്ദീപ് വാര്യര്‍ 

ഹലാല്‍ വിവാദവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍
സന്ദീപ് വാര്യര്‍ /ഫെയ്‌സ്ബുക്ക്
സന്ദീപ് വാര്യര്‍ /ഫെയ്‌സ്ബുക്ക്

കൊച്ചി: ഹലാല്‍ വിവാദവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിക്കുന്നതായി ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് സന്ദീപ് വാര്യര്‍ അറിയിച്ചത്. 

കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ ആക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ആദ്യ പോസ്‌റ്റെന്നും സന്ദീപ് വാര്യര്‍ വിശദീകരിച്ചു. ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്ഥന്‍ സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടതെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. 

ഹലാല്‍ വിവാദത്തില്‍ വികാരമല്ല, വിവേകമാണ് നയിക്കേണ്ടത് എന്ന സന്ദീപ് വാര്യരുടെ കുറിപ്പാണ് വിവാദമായത്. ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നിഷ്‌കളങ്കമായല്ലെന്നും ഹലാല്‍ സംസ്‌കാരം ഉണ്ടാക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നുമാണ് കെ  സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നാലെയാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ചത്.

കുറിപ്പ്: 

കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്ഥന്‍ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടത് .  ( ലിങ്ക് താഴെ ) 
എന്നാല്‍ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്  . 
പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com