'പാര്‍ട്ടിയുടെ അഭിമാനത്തെ ബാധിക്കും'; ഫാത്തിമ തെഹ്ലിയയെ പരിപാടിയില്‍ പങ്കെടുപ്പിക്കരുത്: കെഎംസിസിക്ക് ലീഗിന്റെ നിര്‍ദേശം

ഹരിത മുന്‍ നേതാവ് ഫാത്തിമ തെഹ്ലിയക്ക് സ്വീകരണം നല്‍കരുതെന്ന് കെഎംസിസിയോട് മുസ്ലിം ലീഗ്
ഫാത്തിമ തെഹ്ലിയ
ഫാത്തിമ തെഹ്ലിയ

മലപ്പുറം: ഹരിത മുന്‍ നേതാവ് ഫാത്തിമ തെഹ്ലിയക്ക് സ്വീകരണം നല്‍കരുതെന്ന് കെഎംസിസിയോട് മുസ്ലിം ലീഗ്. സ്വീകരണം പാര്‍ട്ടിയുടെ അഭിമാനത്തെ തകര്‍ക്കുമെന്ന് കെഎംസിസിയ്ക്ക് മുസ്ലിം ലീഗ് നല്‍കിയ കത്തില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഷാര്‍ജ കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം ഒഴിവാക്കി. വിലക്ക് ലംഘിച്ച് പല കമ്മിറ്റികളും ഫാത്തിമക്ക് സ്വീകരണം നല്‍കിയതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഷാര്‍ജ പുസ്തകോത്സവുമായി ബന്ധപ്പെട്ട് ഗള്‍ഫിലുള്ള ഫാത്തിമ തഹ്ലിയക്ക് അഴീക്കോട് കെഎംസിസി നല്‍കാനാരുങ്ങിയ സ്വീകരണമാണ് ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഒഴിവാക്കിയത്. പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസും സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഷാര്‍ജ കെഎംസിസി  സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം വന്നത്. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ അഭിമാനത്തെ വേട്ടയാടുന്നതിനുള്ള ഒരവസരമായി ഇത് മാറുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.അതേസമയം കഴിഞ്ഞ ദിവസം ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഫാത്തിമ തഹ്ലിയക്ക് സ്വീകരണം നല്‍കിയിരുന്നു.

തിരൂരങ്ങാടിയില്‍ എംഎസ്എഫ് നടത്തിയ പരിപാടിയില്‍ ഹരിതയുടെ മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ശീറയെ പങ്കെടുപ്പിക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നജ്മ പങ്കെടുത്തിരുന്നു.

 ഇതിനെത്തുടര്‍ന്ന് പിഎംഎ സലാം പരിപാടിയില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പരാതിക്കാരായ പെണ്‍കുട്ടികളെ ഒരു പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം കെഎംസിസി  കമ്മിറ്റികള്‍ക്കും ലീഗ് നേതൃത്വം നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com