കോഴിക്കോട് നരിക്കുനിയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 12:07 PM  |  

Last Updated: 22nd November 2021 12:09 PM  |   A+A-   |  

cholera bacteria

ഫയല്‍ ചിത്രം

 

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.  നാലിടത്താണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. പ്രദേശത്ത് ആര്‍ക്കും കോളറ ലക്ഷണങ്ങളില്ല. കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു. 

നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് രണ്ടര വയസ്സുകാരന്‍ മരിച്ചിരുന്നു. പത്തേുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുമായി. ഇതേത്തുടര്‍ന്നാണ് മേഖലയിലെ വെള്ളം അടക്കം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. 

ആശുപത്രിയില്‍ ചികിത്സയിലുള്ള ആര്‍ക്കും കോളറ ബാധ കണ്ടെത്തിയിട്ടില്ല. ഇവരെല്ലാം ചികിത്സ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. പെരുമണ്ണയിലെ ഒരു ഹോസ്റ്റലിലും അടുത്തിടെ ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് സമീപത്തുള്ള കിണറിലെ വെള്ളത്തിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

ഈ പശ്ചാത്തലത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചത്. സൂപ്പര്‍ ക്ലോറിനേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ നടത്താനാണ് തീരുമാനം.