ദത്ത് വിവാദം: അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു, ഫലം 48 മണിക്കൂറിനകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 04:27 PM  |  

Last Updated: 22nd November 2021 04:27 PM  |   A+A-   |  

Anupama

ഫയല്‍ ചിത്രം


തിരുവനന്തപുരം: മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന കേസില്‍, അനുപമയുടെയും പങ്കാളി അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നേളജിയില്‍ എത്തിയാണ് ഇരുവരും സാമ്പിളുകള്‍ നല്‍കിയത്. നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്. പരിശോധനാഫലം 48 മണിക്കൂറിനുള്ളില്‍ ലഭിക്കും.

അതേസമയം, ഡിഎന്‍എ പരിശോധനയിലും സംശയം പ്രകടിപ്പിച്ച് അനുപമ രംഗത്തെത്തി. തന്റെ കുഞ്ഞിന്റെ സാമ്പിള്‍ തന്നെയാണോ എടുത്തത് എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാമ്പിള്‍ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല. ഫോട്ടോയെടുത്തിട്ടുണ്ടെന്നും അനുപമ പറഞ്ഞു. 

എന്നാല്‍, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന അനുപമയുടെ ആശങ്ക ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തള്ളി. നടപടിയുടൈ വീഡിയോ പകര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടി ക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, സമര പന്തലില്‍ അനുപമ തളര്‍ന്നുവീണിരുന്നു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി.