മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 06:41 AM  |  

Last Updated: 22nd November 2021 06:41 AM  |   A+A-   |  

mullaperiyar

ഫയൽ ചിത്രം

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താന്‍ അനുവദിക്കുന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിക്കും. ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്ന് കേരളം ആവശ്യപ്പെടും. അണക്കെട്ടിന്റെ സുരക്ഷാപരിശോധന ഉടന്‍ നടത്താന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവും കോടതി പരിഗണിക്കും. 

അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ വാദം. അണക്കെട്ടിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നാണ് തമിഴ്‌നാട് ഉന്നയിക്കുന്നത്. അണക്കെട്ടിന്റെ ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ തമിഴ്‌നാട് കോടതിയില്‍ നല്‍കുന്ന മറുപടിയും നിര്‍ണായകമാണ്. 

തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതും തുടര്‍ച്ചയായി സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വന്നതും കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടും. നിലവിലെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം പുതിയ അണക്കെട്ടാണെന്നും കേരളം കോടതിയില്‍ ഉന്നയിക്കും.  ചെറിയ ഭൂചലനങ്ങള്‍ കാലരണം അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് തമിഴ്‌നാട് പറയുന്നു. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്താന്‍ ഉടന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പ്രശസ്തമായ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ സഹായത്തോടെ വിദഗ്ധ പരിശോധന ഉടന്‍ നടത്താന്‍ നിര്‍ദേശിക്കണമെന്നാണ് ആവശ്യം.