ബൈക്കിന്റെ ചാവി ഊരിയെടുത്തത് ചോദ്യം ചെയ്തതിന് യുവാവിന് ക്രൂര മര്‍ദ്ദനം; പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം, മൊഴി പോലും രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 10:55 PM  |  

Last Updated: 23rd November 2021 10:55 PM  |   A+A-   |  

YOUTH ATTACKED IN THIRUVANATHAPURAM

അനസ്/ടെലിവിഷന്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം:  ബൈക്കില്‍ പോയ യുവാവിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം. മര്‍ദനമേറ്റ യുവാവിന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് മംഗലപുരം പൊലീസ് പ്രതിയെ വിട്ടയച്ചത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

കണിയാപുരം പുത്തന്‍തോപ്പ് സ്വദേശി എച്ച് അനസിനാണ് മര്‍ദനമേറ്റത്. ബൈക്കില്‍ കണിയാപുരം വഴി യാത്ര ചെയ്ത അനസിനെയും സുഹൃത്തിനെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. 

മദ്യപിച്ച് റോഡില്‍ നിന്ന ഫൈസലും സംഘവും അനസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. ശേഷം താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇത് അനസ് ചോദ്യം ചെയ്തു. പിന്നാലെ യുവാവിനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അനസിന്റെ മുഖത്തും മറ്റും മുറിവേറ്റ വലിയ പാടുകളുണ്ട്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇത് തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്ന് പറഞ്ഞ് മംഗലപുരം പൊലീസും കഠിനംകുളം പൊലീസും തിരികെ അയച്ചെന്നും അനസ് പറയുന്നു.