ചരിത്രവിധി; അമ്മയുടെ പോരാട്ടം വിജയം കണ്ടു; കുഞ്ഞ് ഇനി അനുപമയുടെ കൈകളില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 04:10 PM  |  

Last Updated: 24th November 2021 04:16 PM  |   A+A-   |  

anupama_ajith

അനുപമയും അജിത്തും

 

തിരുവനന്തപുരം: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂർവതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു.

ജ‍ഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. കോടതി നടപടികൾക്കു മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. സര്‍ക്കാരിന്റെ ആവശ്യം  പരിഗണിച്ചാണ് തിരുവനന്തപുരം കുടുംബകോടതി കേസ് അടിയന്തരമായി പരിഗണിച്ചത്.

കുഞ്ഞ് അനുപമയുടേതാണെന്ന ഡിഎന്‍എ പരിശോധനാഫലം ഉള്‍പ്പെടെയുള്ള സിഡബ്ല്യുസി റിപ്പോര്‍ട് ഗവണ്‍മെന്റ് പ്ലീഡര്‍ എ ഹക്കിം കോടതിക്ക് കൈമാറി. നേരത്തെ കേസ് ഈ മാസം 30 ന് പരിഗണിക്കാനായിരുന്നു കോടതി തീരുമാനം.

അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമസമിതിയുടേയും ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകളാണെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനുപമ പരാതിയുമായി എത്തിയശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജ്ജിന് കൈമാറി.

ശിശുക്ഷേമസമിതി രജിസ്റ്ററിലെ ഒരു ഭാഗം മായ്ച്ചുകളഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി. ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും സമിതി ദത്ത് നടപടികളുമായി മുന്നോട്ട് പോയി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ അജിത്തും അനുപമയും പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് ഏഴിനാണ് ആന്ധ്ര ദമ്പതികള്‍ക്ക് കുട്ടിയെ ദത്ത് നല്‍കിയത്.

അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നു. ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ല. അനുപമയുമായുള്ള സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല. തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എല്ലാ വിഭാ?ഗങ്ങളില്‍ നിന്നും തെളിവെടുത്തശേഷമാണ് ശിശുവികസന ഡയറക്ടര്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പരാതി അവഗണിച്ച് ദത്ത് നടപടികള്‍ തുടര്‍ന്നു

അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇത് അവഗണിച്ച് ദത്ത് നടപടികള്‍ തുടര്‍ന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എന്‍ സുനന്ദ, ഇവര്‍ക്കെല്ലാം സംഭവത്തില്‍ വീഴ്ച പറ്റിയതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ നല്‍കിയിട്ടും ജയചന്ദ്രനും കൂട്ടാളികള്‍ക്കും അന്വേഷണം നടത്താന്‍ പോലും പേരൂര്‍ക്കട പൊലീസ് തയ്യാറായിരുന്നില്ലെന്ന് അനുമപ ആരോപിച്ചിരുന്നു.