ദത്ത് കേസ്: അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 01:24 PM  |  

Last Updated: 25th November 2021 01:24 PM  |   A+A-   |  

adoption case

ജയചന്ദ്രന്‍, അജിത്തും അനുപമയും, ഫയല്‍

 

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. 

കഴിഞ്ഞ ദിവസമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ അനുപയുടെ അനുവാദത്തോടെ ഏല്‍പിച്ചതെന്നുമാണ് അനുപമയുടെ പിതാവ് ജയചന്ദ്രന്റെ വാദം.

തന്റെ കുഞ്ഞിനെ നിര്‍ബന്ധ പൂര്‍വം എടുത്തു മാറ്റിയെന്ന് അനുപമ പൊലീസിന് നല്‍കിയ പരാതിയില്‍ പ്രധാന പ്രതി ജയചന്ദ്രനാണ്. സ്വാധീനമുള്ള വ്യക്തി എന്ന നിലക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ അട്ടിമറിക്കാന്‍ കാരണമാകുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാര്‍ കോടതിയില്‍ വാദിച്ചു.