സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല; ഇ ശ്രീധരന്റെ എതിര്‍പ്പു തള്ളി കെ റെയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 10:15 AM  |  

Last Updated: 25th November 2021 10:15 AM  |   A+A-   |  

high speed corridor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അതിവേഗതപാതയായ സില്‍വര്‍ ലൈനിന് എതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി  കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍. സില്‍വര്‍ ലൈന്‍ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ റെയില്‍ എംഡി വി അജിത്കുമാര്‍ പറഞ്ഞു. 

തണ്ണീര്‍ത്തടങ്ങളെയും നീര്‍ച്ചോലകളെയും റെയില്‍വേ ലൈന്‍ നഷ്ടമാക്കില്ലെന്ന് അജിത്കുമാര്‍ പറഞ്ഞു. ഇത്തരം സ്ഥലങ്ങളില്‍ തൂണുകളിലാണ് പാത നിര്‍മിക്കുന്നത്. നിലവിലെ പാളങ്ങള്‍ക്കുള്ള മണ്‍തിട്ട മാത്രമാണ് സില്‍വര്‍ലൈന്‍ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തില്‍ 160 കിലോമീറ്ററിനു മുകളില്‍ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടിവരുന്നത്.

പദ്ധതിക്ക് 63,941 കോടിരൂപയില്‍ കൂടുതല്‍ ചെലവ് വരില്ല. അഞ്ചു വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കും. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകള്‍ക്കായുള്ള നടപടികള്‍ ആരംഭിക്കുന്നതിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നും കെറെയില്‍ എം.ഡി. അറിയിച്ചു. 

സില്‍വര്‍ ലൈനില്‍ ആറു ചരക്കു വണ്ടികള്‍

തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തില്‍ ചരക്കു ലോറികള്‍ സില്‍വര്‍ ലൈന്‍ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികള്‍ക്കു ശേഷമുള്ള സമയത്താകും ഇത്. 74 യാത്രാവണ്ടികള്‍ ഓടുന്ന സില്‍വര്‍ ലൈനില്‍ വെറും ആറു ചരക്കു വണ്ടികള്‍ മാത്രമാണ് ഓടിക്കുന്നത്.

കാസര്‍കോടുമുതല്‍ തിരൂര്‍വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് സില്‍വര്‍ ലൈന്‍ വരുന്നത്. തിരൂര്‍ മുതല്‍ തിരുവനന്തപുരംവരെ അനേകം വളവുകളും മറ്റുമുള്ളതിനാല്‍ സമാന്തരപാത സാധ്യമല്ലെന്ന് അജിത്കുമാര്‍ അറിയിച്ചു.