സമുദ്രതാപനില ഉയരുന്നു; ലഘു മേഘ വിസ്‌ഫോടനങ്ങള്‍ ആവര്‍ത്തിച്ചേക്കാം; കേരള തീരം അതിതീവ്ര സംവഹനത്തിന്റെ പാതയില്‍ ; കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 02:29 PM  |  

Last Updated: 25th November 2021 02:29 PM  |   A+A-   |  

dark_clouds

ഫയല്‍ ചിത്രം


 
തിരുവനന്തപുരം: സംസ്ഥാനത്ത് ലഘു മേഘ വിസ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കാമെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. കേരള തീരത്ത് അസാധാരണ താപവ്യാപനമാണുള്ളത്. തീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നും കാലവസ്ഥാ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കുസാറ്റില്‍ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ അമേരിക്കയിലെ ഫ്‌ലോറിഡ മിയാമി സര്‍വകലാശാലയിലെ പ്രൊഫ. ബ്രയാന്‍ മേപ്‌സ് അവതരിപ്പിച്ച പ്രബന്ധത്തിലാണ് സുപ്രധാന നിരീക്ഷണം.

അറബിക്കടല്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില 30ന് മുകളിലേക്ക് ഉയര്‍ന്നു. തെക്കുകിഴക്കന്‍ അറബിക്കടലിന്റെ താപനില മറ്റു സമുദ്രങ്ങളിലേതിനെക്കാള്‍ ഒന്നര മടങ്ങ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഏറ്റവും അധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമാണിത്. ഇതുമൂലം കേരളതീരത്ത് അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാകാം. 

2018 മുതല്‍ കേരളത്തില്‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്ന ലഘു മേഘവിസ്‌ഫോടനം പോലെയുള്ള പ്രതിഭാസങ്ങള്‍ക്ക് കാരണം ഈ അധിക താപനമാണ്. മേഘക്കൂട്ടങ്ങള്‍ രൂപംകൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്രമോ, അതിതീവ്രമോ ആയി മഴ പെയ്യുന്നതായും പ്രൊഫ. ബ്രയാന്‍ മേപ്‌സ് പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. 

ശക്തമായ മഴയ്ക്ക് സാധ്യത

അതിനിടെ, കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര  കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെ, ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ചക്രവാതചുഴി  ലങ്കൻ തീരത്ത്

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി   നിലവില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം  തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തിങ്കളാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു  വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ അധികൃതര്‍ സൂചിപ്പിച്ചു.