ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണക്കേസ് പിൻവലിക്കാൻ സർക്കാർ നീക്കം; തടസഹർജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 07:04 PM  |  

Last Updated: 25th November 2021 07:04 PM  |   A+A-   |  

bjp-659696

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന അവശ്യവുമായി സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. എന്നാൽ, കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി തടസഹർജി കോടതിൽ ഫയൽ ചെയ്‌തു. തുടർന്ന് കോടതി പിൻവലിക്കൽ ഹരജിയിൽ വാദം കേൾക്കുവാൻ കോടതി തീരുമാനിച്ചു. 2022 ജനുവരി ഒന്നിന് കോടതി വാദം കേൾക്കും.

മുൻ കോർപറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐപി. ബിനു, മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2017 ജൂലായ് 28നാണ് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്‌.

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി ഓഫീസ് ആക്രമിക്കുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ അടക്കം ആറ് കാറുകളും ഓഫീസ് ചില്ലുകളും എറിഞ്ഞ് തകർത്തു, സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നിവയാണ് കേസുകൾ