പൊള്ളലേറ്റ് മരിച്ച നിലയിൽ വീട്ടമ്മയുടെ മൃതദേഹം ആറ്റിലെ കുഴിയിൽ; മകനെ ചോദ്യം ചെയ്യുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 07:09 AM  |  

Last Updated: 25th November 2021 07:38 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കോട്ടയം; കൂട്ടിക്കൽ ഇളംകോട് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ചനിലയിൽ വീടിനു സമീപമുള്ള ആറ്റിൽ കണ്ടെത്തി. 65 കാരിയായ ലീലാമ്മയെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം ഇളയമകൻ ബിപിനാണ് ലീലാമ്മയെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലെ ആറ്റിലെ കുഴിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിനു സമീപത്തു നിന്ന് ആറ്റിലേക്ക് ഇറങ്ങാൻ മുൻപ് വഴിയുണ്ടായിരുന്നെങ്കിലും പ്രളയത്തിൽ അതു നശിച്ചിരുന്നു. അതുകൊണ്ടു തന്നെ എങ്ങനെ ആറ്റിൽ എത്തിയെന്നതും ലീലാമ്മയുടെ ശരീരത്തിൽ പൊള്ളലേറ്റത് എങ്ങനെയെന്നതും ഇനിയും വ്യക്തമായിട്ടില്ല. ബിപിനൊപ്പമാണ് ലീലാമ്മ താമസിച്ചിരുന്നത്. 

മരണത്തിൽ ദുരൂഹ നിലനിൽക്കുന്നതിനാൽ ബിപിനെ പൊലീസ് ചോ​ദ്യം ചെയ്യുകയാണ്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക്, വിരലടയാള വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. ബിജുവാണ് ലീലാമ്മയുടെ മറ്റൊരു മകൻ.