അയല്‍വാസിയുടെ വീടിനു പിന്നില്‍ വാറ്റു ചാരായം കുഴിച്ചിട്ടു, കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 02:09 PM  |  

Last Updated: 25th November 2021 02:09 PM  |   A+A-   |  

spurious  liquor case

ജിഷ്ണു

 

തൃശൂര്‍: അയല്‍വാസിയുടെ വീടിനു പുറകില്‍ ചാരായം കുഴിച്ചിട്ട് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണന്‍ (26) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി പാലപ്പിള്ളി പള്ളത്ത് വീട്ടില്‍ രാജേഷ് (41) നേരത്തെ പിടിയിലായിരുന്നു. 

ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പാലപ്പിള്ളിയില്‍ പലചരക്കു കട നടത്തുന്ന രാജേഷ് റോഡ് കൈയ്യേറി വീട്ടിലേക്കുള്ള വഴിയില്‍ ചെറിയ പാലം കോണ്‍ക്രീറ്റ് ചെയ്തത് അയല്‍വാസിയും കെഎസ്ഇബി ജീവനക്കാരനുമായ സതീഷ്  ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പാലം പൊളിച്ചു മാറ്റേണ്ടി വന്നതിലുള്ള വൈരാഗ്യമാണ് കള്ളക്കേസില്‍ കുടുക്കുന്നതിനു കാരണമായതെന്നു പൊലീസ് പറയുന്നു. 

രാജേഷും സുഹൃത്തായ ജിഷ്ണുവും ചേര്‍ന്ന് അഞ്ചു ലിറ്റര്‍ ചാരായം സ്വന്തമായി  നിര്‍മ്മിച്ച് സതീഷിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനു പുറകില്‍ കുഴിച്ചിടുകയായിരുന്നു. അഞ്ചു കുപ്പികളിലാക്കിയാണ് ചാരായം കുഴിച്ചിട്ടത്. തുടര്‍ന്ന് ജിഷ്ണു പൊലീസിനെ  ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. സതീഷ് വീടുതാമസത്തിന് ചാരായം നിര്‍മ്മിച്ച് പറമ്പില്‍ കോഴികൂടിനു സമീപം കുഴിച്ചിട്ടിട്ടുണ്ടെന്നാണ് അറിയിച്ചത്. 

വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ചാരായം കണ്ടെത്തി. എന്നാല്‍ രഹസ്യ ഫോണ്‍ സന്ദേശത്തില്‍ സംശയം തോന്നിയ പൊലീസ്  അന്വേഷണം നടത്തുകയായിരുന്നു.  

യഥാര്‍ത്ഥ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ രാജേഷും ജിഷ്ണുവും ഒളിവില്‍ പോയി. ജൂണ്‍ 31ന് രാജേഷിനെ പിടികൂടിയതറിഞ്ഞ് ജിഷ്ണു മംഗലാപുരത്തേക്കു കടന്നു. വെള്ളിക്കുളങ്ങരയിലെ ഭാര്യവീട്ടില്‍ രഹസ്യ സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബികെ അരുണും സംഘവും   തന്ത്രപരമായി പിടികൂടുകയായിരുന്നു.