മുല്ലപ്പെരിയാര്‍: മരംമുറിക്കലിന് അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 04:29 PM  |  

Last Updated: 26th November 2021 04:29 PM  |   A+A-   |  

tamilnadu approaches sc seeking permission to cut trees

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍. മരം മുറിക്കുന്നതിനു നല്‍കിയ അനുമതി കേരളം റദ്ദാക്കിയത് കോടതിയലക്ഷ്യമാണെന്ന് തമിഴ്‌നാട് ഹര്‍ജിയില്‍ പറയുന്നു. അണക്കെട്ടു ബലപ്പെടുത്തുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന കേരളത്തിനു നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയിലെ ആവശ്യം.

ബേബി ഡാം ബലപ്പെടുത്തുന്നതിനു സൗകര്യമൊരുക്കാന്‍ മരം മുറിക്കുന്നതിന് അനുമതി നല്‍കിയ കേരളത്തിന്റെ നടപടി വിവാദമായിരുന്നു. രാഷ്ട്രീയ വിവാദം ഉയര്‍ന്നതോടെ കേരളം അനുമതി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് കോടതിയെ സമീപിച്ചത്. മരം മുറിക്കുന്നതിനുള്ള കേരളം നല്‍കിയ അനുമതി പുനസ്ഥാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വള്ളക്കടവ് റോഡ് അറ്റകുറ്റപ്പണി നടത്താന്‍ ്അനുവദിക്കണമെന്നും ആവശ്യമുണ്ട്. 

മരംമുറി ഉത്തരവ് കേരളത്തിന്റെ താത്പര്യത്തിന് എതിര്‌

കേരളത്തിന്റെ താത്പര്യത്തിനു വിരുദ്ധമെന്നു കണ്ട്  മന്ത്രിസഭാ യോഗമാണ്, അനുമതി റദ്ദാക്കാന്‍ തീരുമാനമെടുത്തത്. നിര്‍ണായക വിഷയം ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയതെന്നും മന്ത്രിസഭ വിലയിരുത്തി. ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമെന്നും യോഗം നിലപാടെടുത്തു.

ബേബി ഡാം ബലപ്പെടുത്താന്‍ പരിസരത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് റദ്ദാക്കാന്‍ തീരുമാനിച്ചത്. 

ഉത്തരവിറക്കിയതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചപ്പോഴാണു, അനുമതിയുടെ വിവരം പുറത്തറിഞ്ഞത്.

ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ചേംബറില്‍ വിളിച്ച യോഗത്തിലാണു മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത്. യോഗത്തിലെ നടപടിക്രമങ്ങള്‍ ഉത്തരവായി ബെന്നിച്ചന്‍ തോമസ് പുറത്തിറക്കി. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കൂടിയായ ടി.കെ.ജോസിനും വനം വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയ്ക്കും അന്നുതന്നെ ഇതേക്കുറിച്ചു ബെന്നിച്ചന്‍ കത്തും നല്‍കിയിരുന്നു.