വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചു, ഭാര്യയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 03:27 PM  |  

Last Updated: 26th November 2021 03:27 PM  |   A+A-   |  

kidney racket

സാജന്‍

 

തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. ഭര്‍ത്താവ് വിഴിഞ്ഞം സ്വദേശി സാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏതാനും നാളുകളായി വിഴിഞ്ഞം മേഖല കേന്ദ്രീകരിച്ച് വൃക്ക വില്‍പ്പന സജീവമായി നടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരത്തില്‍ പത്തിലേറെ വീട്ടമ്മമാര്‍ വൃക്ക നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒടുവിലത്തേതാണ് പുറത്തുവന്നത്. മോശം ജീവിതസാഹചര്യങ്ങളെ തുടര്‍ന്ന് വീട്ടമ്മ വൃക്ക വില്‍ക്കാന്‍ തുടക്കത്തില്‍ തയ്യാറായി. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ അടുത്തദിവസം പോകാനിരിക്കേയാണ്, വൃക്ക വില്‍പ്പനയില്‍ നിന്ന് വീട്ടമ്മ പിന്മാറിയത്. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.

വൃക്ക വില്‍പ്പനയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ വീട്ടമ്മയുടെ വീട്ടിലടക്കം എത്തി ഇത്തരം കാര്യങ്ങളില്‍ ചെന്നുവീഴരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂട്ടി നിശ്ചയിച്ച വൃക്ക വില്‍പ്പനയില്‍ നിന്ന് വീട്ടമ്മ പിന്മാറിയത്. ഇതാണ് പ്രകോപനത്തിന് കാരണം. തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നതായി കാട്ടി വീട്ടമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.