'അവരുടെ പോരാട്ടവീര്യം കെടുത്തരുത്!, അപേക്ഷയാണ്..'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 02:49 PM  |  

Last Updated: 26th November 2021 02:49 PM  |   A+A-   |  

tonny chammini

ഫയല്‍ ചിത്രം

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് ശശി തരൂർ എംപിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിമർശനവുമായി കൊച്ചി മുൻ മേയർ ടോണി ചമ്മിണി. ആലുവയിലെ നിയമവിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺ​​ഗ്രസ് സമരരം​ഗത്തുള്ളത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. 

വിശ്വപൗരൻ ആണെന്നതിൽ സന്തോഷം. കേരളം ഈ ദിവസങ്ങളിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിർഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളിൽ, ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി  ഊണും ഉറക്കവുമില്ലാതെ പോരാട്ടത്തിലാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത്! ടോണി ചമ്മിണി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി ഐ സി എൽ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ തുടങ്ങിയവർ സമരം നടത്തിയിരുന്നത്. സർക്കാർ നിർദേശത്തെത്തുടർന്ന് സിഐ സുധീറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം പ്രൊഫഷണലാണെന്നാണ് രണ്ടു ദിവസം മുമ്പ് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയോടൊപ്പം സംസാരിക്കുന്നതും വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണൽ സമീപനത്തിൽനിന്നു കാര്യം മനസിലാക്കുന്നതും എല്ലായ്‌പ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്ന് ശശി തരൂർ കുറിച്ചു. സംസ്ഥാന സർക്കാരിന്റെ കെ-റെയിൽപോലുള്ള വികസനപദ്ധതികൾ ജനവിരുദ്ധമാണെന്ന് ആരോപിച്ച് യുഡിഎഫ് സമരം നടത്തുന്ന വേളയിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ശശി തരൂരിന്റെ പരാമർശം വന്നത്. 

ടോണി ചമ്മിണിയുടെ കുറിപ്പിന്റെ പൂർണരൂപം: 

വിശ്വപൗരൻ ആണെന്നതിൽ സന്തോഷം. കേരളം ഈ ദിവസങ്ങളിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിർഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേൽ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ!

ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടവീര്യം കെടുത്തരുത്!

അപേക്ഷയാണ്..