ഒമിക്രോണ്‍ വകഭേദം: കേരളത്തിലും അതീവ ജാഗ്രത; കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

നിലവില്‍ പുതിയ വൈറസ് വകഭേദങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ കണ്ടെത്തിയിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ വകഭേദം വാക്‌സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

പുതിയ വകഭേദം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് സര്‍വൈലന്‍സ് ശക്തമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ചിട്ടുള്ള ജാഗ്രതാ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയശേഷമാണ് വിദേശരാജ്യത്തു നിന്നും യാത്രക്കാര്‍ നാട്ടിലെത്തുന്നത്. എന്നാല്‍ നാട്ടിലെത്തിയശേഷവും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണം. കൂടാതെ കേന്ദ്ര നിര്‍ദേശപ്രകാരമുള്ള കര്‍ശന ക്വാറന്റീന്‍ മാനദണ്ഡങ്ങളും പാലിക്കണം. ഇത് ശക്തമായി നടപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കാജനകമായ വകഭേദമാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

വൈറസിന്റെ ജനിതകശ്രേണീകരണം നിലവില്‍ നടത്തിവരുന്നുണ്ട്. സംശയമുള്ള വിഭാഗങ്ങള്‍ അടക്കം ഓരോ തലത്തിലും ഐഡന്റിഫൈ ചെയ്താണ് സാംപിള്‍ എടുക്കുന്നത്. നിലവില്‍ പുതിയ വൈറസ് വകഭേദങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ കണ്ടെത്തിയിട്ടില്ല. ഇസ്രായേലിലും ഇംഗ്ലണ്ടിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വകഭേദമുള്‍പ്പെടെ ഒന്നും കേരളത്തില്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും നിരന്തര ജനിതകശ്രേണീകരണ പരിശോധനകള്‍ തുടരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 

അതീവ വിനാശകാരിയെന്ന് ലോകാരോ​ഗ്യസംഘടന

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഏഷ്യന്‍ രാജ്യമായ ഹോങ്കോങ്, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ എന്നു പേരിട്ട പുതിയ വൈറസ് വകഭേദം അതീവ വിനാശകാരിയാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com