ഭര്‍ത്താവല്ലേ, തല്ലിക്കോട്ടെ!; 52 ശതമാനം മലയാളി സ്ത്രീകള്‍ പറയുന്നു; ഞെട്ടിക്കുന്ന സര്‍വേ ഫലം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 10:32 AM  |  

Last Updated: 29th November 2021 10:32 AM  |   A+A-   |  

attack

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ഭര്‍ത്താവ് തല്ലുന്നതു ന്യായീകരിക്കാവുന്നതാണോ എന്ന ചോദ്യത്തിന് 'അതേ' എന്ന് ഉത്തരം നല്‍കി അന്‍പതു ശതമാനത്തിലേറെ മലയാളി സ്ത്രീകള്‍. നാഷനല്‍ ഹെല്‍ത്ത് സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. മൂന്നു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ എണ്‍പതു ശതമാനം സ്ത്രീകളും ചോദ്യത്തിന് ഇതേ ഉത്തരം നല്‍കി.

കുഞ്ഞുങ്ങളെ നോക്കാത്ത, വീട്ടുകാര്യങ്ങള്‍ ചെയ്യാത്ത, ഭര്‍ത്താവിന്റെ വീട്ടുകാരോടു ബഹുമാനമില്ലാതെ പെരുമാറുന്ന സ്ത്രീയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പങ്കെടുത്ത 52% മലയാളി സ്ത്രീകളുടെ നിലപാട്.

ദേശീയതലത്തില്‍ മുപ്പതു ശതമാനം സ്്ത്രീകളാണ് ഭര്‍ത്താവിന്റെ മര്‍ദനത്തെ അനുകൂലിച്ചത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന (84 ശതമാനം), ആന്ധ്ര (84 ശതമാനം), കര്‍ണാടകത (77 ശതമാനം) എന്നിവിടങ്ങളിലെ നല്ലൊരു പങ്കു സ്ത്രീകളും ഭര്‍തൃമര്‍ദനത്തെ അനകൂലിക്കുന്നവരാണ്. 40 ശതമാനത്തിലേറെ സ്ത്രീകള്‍ അനുകൂലിക്കുന്ന മറ്റിടങ്ങള്‍: മണിപ്പൂര്‍ (66%), ജമ്മു കശ്മീര്‍ (49%), മഹാരാഷ്ട്ര (44%), ബംഗാള്‍ (42%).

ഏറ്റവും കുറവ് ഹിമാചല്‍ പ്രദേശില്‍
 

ഹിമാചല്‍ പ്രദേശിലാണ് (14.8%) ഏറ്റവും കുറവു സ്ത്രീകള്‍ ഭര്‍ത്താവിന്റെ പീഡനത്തെ ന്യായീകരിക്കുന്നത്. ഇതേസമയം, ഭാര്യയെ തല്ലുന്നതിനെ അനുകൂലിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

പതിനെട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ദേശീയ കുടുംബ ആരോഗ്യ സര്‍വേ നടത്തിയത്.