കേരളത്തിലെ ജ്വല്ലറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തൽ; തമിഴ്നാട് മുൻമന്ത്രിയെ ഇഡി ചോദ്യം ചെയ്യുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 12:53 PM  |  

Last Updated: 29th November 2021 12:53 PM  |   A+A-   |  

vijayabhaskar

ഫയല്‍ ചിത്രം

 

കൊച്ചി: തമിഴ്‌നാട് മുന്‍ ആരോഗ്യമന്ത്രി വിജയഭാസ്‌കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് വിജയഭാസ്‌കറിനെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍. 

കേരളത്തിലെ ജ്വല്ലറിയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം വാങ്ങിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തമിഴ്‌നാട് മുന്‍മന്ത്രിയും എംഎല്‍എയുമായ വിജയഭാസ്‌കറിനെ ഇഡി ചോദ്യം ചെയ്യുന്നത്. ആലപ്പുഴ സ്വദേശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി കേസെടുത്തത്. 

രണ്ടരക്കോടിയുടെ സ്വര്‍ണം വാങ്ങിയശേഷം പണം നല്‍കാതെ വഞ്ചിച്ചതായി ജ്വല്ലറി ഉടമ ആലപ്പുഴ സ്വദേശിയായ സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിജയഭാസ്‌കറിന് സ്വര്‍ണം വാങ്ങാന്‍ വേണ്ടി പരിചയപ്പെടുത്തിയതിന് തനിക്ക് ലഭിച്ച കമ്മീഷനാണ് രണ്ടരക്കോടിയുടെ സ്വര്‍ണമെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തല്‍. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിജയഭാസ്‌കറിനെ ചോദ്യം ചെയ്യാലിന് വിളിപ്പിച്ചത്. കൂടാതെ, വിജിലന്‍സ് 14 കോടി രൂപ തട്ടിച്ചെന്നും പണം തിരികെ ആവശ്യപ്പെടുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി ഈ സ്ത്രീ തിരുനെല്‍വേലി ഡിഐജിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. 

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് വിജയഭാസ്‌കറിനെതിരെ നേരത്തെ തമിഴ്‌നാട്ടില്‍ വിജിലന്‍സും സിബിഐയും കേസെടുത്തിട്ടുണ്ട്. വിജയഭാസ്‌കറിനെ വീട്ടിലും ഓഫീസിലും റെയ്ഡും നടത്തിയിരുന്നു.