സിപിഎമ്മില്‍ പുതുചരിത്രം കുറിച്ച് എന്‍പി കുഞ്ഞുമോള്‍; ആദ്യ വനിതാ ഏരിയാ സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 10:10 AM  |  

Last Updated: 29th November 2021 10:10 AM  |   A+A-   |  

kunjumol

എൻ പി കുഞ്ഞുമോൾ / ഫെയ്സ്ബുക്ക്

 

കല്‍പ്പറ്റ: സിപിഎമ്മില്‍ പുതുചരിത്രം കുറിച്ച് ആദ്യ വനിതാ ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുത്തു. വയനാട് മീനങ്ങാടി ഏരിയാ സെക്രട്ടറിയായി എന്‍ പി കുഞ്ഞുമോളെ തെരഞ്ഞെടുത്തു. 54കാരിയായ കുഞ്ഞുമോളെ ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തത്. ബത്തേരി ഏരിയാസമ്മേളനത്തില്‍ ബത്തേരി ഏരിയാകമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയാ രൂപീകരിക്കുകയായിരുന്നു.

സിപിഎം പാര്‍ട്ടി സമ്മേളനത്തിലൂടെ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കുഞ്ഞുമോള്‍. അമ്പലവയല്‍ അത്തിച്ചാല്‍ സ്വദേശിയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാസെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. വയനാട് ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഇത്തവണ ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2001ല്‍ പാര്‍ട്ടി അംഗമായ കുഞ്ഞുമോള്‍ സിപിഐഎം അമ്പലവയല്‍ ലോക്കല്‍ അംഗം,ബത്തേരി ഏരിയ കമ്മറ്റി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റുമാണ്.  അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ മറ്റത്തില്‍ പൈലിക്കുഞ്ഞ് ആണ് ഭര്‍ത്താവ്. 

മകന്‍ സജോണ്‍ കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. താലൂക്ക് ആശുപത്രി ജീവനക്കാരിയായ സൈവജയാണ് മകള്‍. നാലുവര്‍ഷംമുമ്പ് ആലപ്പുഴ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതല ജി രാജമ്മ വഹിച്ചിരുന്നു. എന്നാല്‍ സമ്മേളനത്തില്‍ ഒരു വനിതയെ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് നടാടെയാണ്.