വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം; ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 07:43 PM  |  

Last Updated: 29th November 2021 08:38 PM  |   A+A-   |  

school time

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നേരെ കര്‍ശനനടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസവകുപ്പ്. ആരോഗ്യപ്രശ്‌നങ്ങള്‍ അറിയിച്ച് വിസമ്മതമറിയിച്ചവര്‍ക്ക്് പ്രത്യേക പരിശോധന നടത്തും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചു.

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി എല്ലാ അധ്യാപകരും വാക്‌സിന്‍ എടുക്കണമന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം തത്കാലം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരൊഴികെ എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. കര്‍ശനനിര്‍ദേശമുണ്ടായിട്ട് പോലും 5000ത്തോളം അധ്യാപകര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറിയിരുന്നില്ല. എന്നാല്‍ ഒരു ചെറിയ ശതമാനം മാത്രമാണ് ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് വാക്‌സിന്‍ സ്വീകരിക്കാതിരുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്കൂട്ടല്‍. ഈ ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചത്. പരിശോധയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.വാക്‌സീന്‍ എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണു സമൂഹത്തിനു നല്‍കുന്നതെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.