മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്നും നാളെയും കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 01:52 PM  |  

Last Updated: 29th November 2021 01:52 PM  |   A+A-   |  

Yellow alert in 12 districts

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയും അറബിക്കടലില്‍ മറ്റന്നാളും പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കന്യാകുമാരി തീരത്തും സമീപ ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നും നാളെയും കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം  ഇന്ന്   കേരളത്തില്‍ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍/ തെക്കന്‍  കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം നാളെ

ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറു  വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം  തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് നല്‍കുന്നു.

മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മര്‍ദ്ദം 

ബുധനാഴ്ചയോടെ ( ഡിസംബര്‍ 1) മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.