ആഡംബരകാറില്‍ ഗര്‍ഭ നിരോധന ഉറകളും കിടക്കയും; സൈജു മോഡലുകളെ ഭീഷണിപ്പെടുത്തി?; പെരുമാറ്റം ലഹരി രാജാവിനെപ്പോലെയെന്ന് പൊലീസ്

സൈജുവിനൊപ്പം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്
അൻസി കബീർ, സൈജു, അഞ്ജന / ഫയൽ
അൻസി കബീർ, സൈജു, അഞ്ജന / ഫയൽ

കൊച്ചി : മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവരുള്‍പ്പെടെ മൂന്നുപേര്‍ കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാറില്‍ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്റെ പേരില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. നിരവധി യുവതികളെ സൈജു ഭീഷണിപ്പെടുത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച് സൈജു ബ്ലാക്‌മെയില്‍ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ സൈജു ഭീഷണിപ്പെടുത്തിയ യുവതികളില്‍ നിന്നും പരാതി എഴുതി വാങ്ങി കേസെടുക്കാനാണ് നീക്കം. ഇയാള്‍ പങ്കാളിയായ റാക്കറ്റിനെ ഭയന്നു പലരും പരാതി നല്‍കാന്‍ പോലും തയാറായിരുന്നില്ല. 
സൈജുവിന്റെ ഫോണില്‍നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കുറിച്ചും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. യുവാക്കള്‍ക്ക് ലഹരിമരുന്നു നല്‍കി കുറ്റകൃതൃങ്ങള്‍ക്ക് പ്രേരണ നല്‍കുന്നവരുടെ സ്വഭാവമാണ് സൈജു പ്രകടിപ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

സൈജുവിനൊപ്പം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. സൈജു പകര്‍ത്തിയ ഡിജെ പാര്‍ട്ടികളുടെ ദൃശ്യങ്ങള്‍ ഫോണില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത യുവതികളുടെ മൊഴിയും രേഖപ്പെടുത്തും. സൈജുവിന് മയക്കുമരുന്ന് ഇടപാടുകളുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സൈജുവുമായി നിരന്തരം ബന്ധപ്പെട്ട സുഹൃത്തുക്കളെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. 

സഞ്ചരിക്കുന്ന പെൺവാണിഭ കേന്ദ്രം ?

ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ആഡംബര കാറില്‍നിന്ന് ഗര്‍ഭനിരോധന ഉറകളും ലഭിച്ചിരുന്നു. കാമറകള്‍, കിടക്ക, ഡിജെ പാര്‍ട്ടിക്ക് വേണ്ട സംഗീത സംവിധാനങ്ങള്‍ തുടങ്ങി നക്ഷത്ര വേശ്യാലയത്തിന് സമാനമായ എല്ലാ സജ്ജീകരണങ്ങളും കാറില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് സൈജു വശത്താക്കിയിരുന്നത്. സഞ്ചരിക്കുന്ന ആഡംബരക്കാറിലെ ഈ സൗകര്യം സിനിമാ രംഗത്തുള്ളവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിനിയോഗിച്ചിരുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. 

നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതും സൈജുവിന്റെ പതിവായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിനായുള്ള ശ്രമത്തെ എതിര്‍ത്തതാണു മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയില്‍ കാറില്‍ പിന്തുടരാനും കാരണമെന്ന് പൊലീസ് വിലയിരുത്തുന്നു. 

മോഡലുകളെ ഭീക്ഷണിപ്പെടുത്തി ?

ഒക്ടോബര്‍ 31ന് രാത്രി ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണ് ഡി ജെ പാര്‍ട്ടി അവസാനിക്കും മുമ്പു തന്നെ മോഡലുകള്‍ കാറില്‍ പുറത്തേക്കു പോയത്. ഇവരെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരിന് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. താമസസൗകര്യം അടക്കം ഇയാള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ മോഡലുകള്‍ വഴങ്ങിയില്ല. പിന്നെയും വിടാതെ പിന്‍തുടര്‍ന്നപ്പോഴാണ് കാറിന്റെ വേഗം വര്‍ധിപ്പിച്ചതെന്ന് മോഡലുകള്‍ സഞ്ചരിച്ച കാറോടിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്. 

കൊല്ലപ്പെട്ട അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവരെ ലഹരി ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സൈജു നേരത്തെ തന്നെ ശ്രമിച്ചിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. മോഡലുകളെ സൈജു പലപ്പോഴും രഹസ്യമായി പിന്തുടര്‍ന്നതായും അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇവരെ പിന്തുടര്‍ന്ന അജ്ഞാത വാഹനത്തെക്കുറിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കും

ചോദ്യം ചെയ്യലിനോട് സൈജു സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. സൈജുവിനെ ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സൈജുവിന്റെ ഔഡി കാര്‍ 20 ലക്ഷം രൂപ മുടക്കി സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയതാണ്. ഇതിനുള്ള തുക എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കുന്നുണ്ട്. സൈജുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം പരിശോധിക്കും. ഇയാളുടെ അക്കൗണ്ടിലേക്ക് വന്‍ തുക ഇട്ടവരും പണം കൈപ്പറ്റിയവരുമെല്ലാം അന്വേഷണ പരിധിയില്‍ വരും. പണം എന്തിനാണ് കൈമാറിയതെന്ന് ഇവര്‍ തെളിയിക്കേണ്ടി വരും.

ചാറ്റ് വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

സൈജുവിന്റെ ഫോണില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഡിജെ പാര്‍ട്ടിയുടെ ക്ഷണക്കത്ത് അടക്കം അയക്കുന്നത്. ഇത്തരം ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ആശുപ്തരിയില്‍ ചികില്‍സയില്‍ കഴിയുന്ന നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ ഡിസ്ചാര്‍ജ് ചെയ്യാത്തതിനാല്‍ സൈജുവിനെയും റോയിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com