പുതിയ റേഷന്‍ കാര്‍ഡിന് 65 രൂപയിലധികം ഈടാക്കരുത്: മന്ത്രി ജിആര്‍ അനില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 09:28 PM  |  

Last Updated: 30th November 2021 09:28 PM  |   A+A-   |  

ration_card

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങള്‍ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാന്‍ പാടില്ലെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ റേഷന്‍ കാര്‍ഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മാതൃകയിലുള്ള ആധാര്‍ സൈസ് റേഷന്‍ കാര്‍ഡുകള്‍ പ്രിന്റെടുക്കുന്നതിന് ചില അക്ഷയ കേന്ദ്രങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കാര്‍ഡ് പ്രിന്റെടുക്കാന്‍ കഴിയുന്ന സൗകര്യമുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അതും ആശ്രയിക്കാം. ഈ സൗകര്യം അപകടമുണ്ടാക്കുമെന്നതരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ഒന്നിലധികം പകര്‍പ്പ് എടുത്താലും ഒരു കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. 

ഭക്ഷ്യഭദ്രതാ നിയമത്തിന് അനുസരിച്ചാണ് ഈ സൗകര്യം നല്‍കിയിട്ടുള്ളതെന്നും പൊതുവിതരണ സംവിധാനം കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.