സൈജുവില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വാഹനം വേഗത്തില്‍ ഓടിച്ചു; പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ മൂന്ന് ജീവന്‍ രക്ഷിക്കാമായിരുന്നു; റിമാന്‍ഡ് റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 03:12 PM  |  

Last Updated: 30th November 2021 03:42 PM  |   A+A-   |  

ancy_kabeer

അന്‍സി കബീര്‍ -അന്‍ജന ഷാജന്‍

 

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ മരിച്ച വാഹനാപകടത്തില്‍ കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചനെതിരെ ഗുരുതര ആരോപണവുമായി റിമാന്‍ഡ് റിപ്പോര്‍ട്ട്. സൈജു പിന്തുടര്‍ന്ന് മത്സരയോട്ടം നടത്തിയതിനാലാണെന്ന് മൂന്ന് പേരുടെ മരണത്തിനിടയായ അപകടമുണ്ടായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 

പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനം സൈജു കാറില്‍ പിന്തുടര്‍ന്നു. ഇതോടെ ഇവര്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്മാന്‍  വേഗതകൂട്ടി. തുടര്‍ന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതരമായ കാര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സൈജു മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍
 

സൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ടില്‍ സൈജുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ 3 ദിവസം കൂടെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച ദിവസം അന്ന് രാത്രി ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും മോഡലുകളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ അന്‍സിയെയും അഞ്ജനയെയും സൈജു കാറില്‍ പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി. അവിടെ വച്ചും തര്‍ക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് അതിവേഗത്തില്‍ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമ

അതേ സമയം, സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. പാര്‍ട്ടികള്‍ക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകള്‍ പരാതി നല്‍കിയാല്‍ ഉടനടി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. സൈജു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണ്.  പല ഡിജെ പാര്‍ട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു.