'പാര്‍ട്ടിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ശ്രമം'; ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ തുറന്ന പോരിന് കെപിസിസി നേതൃത്വം;  ഹൈക്കമാൻഡിന് പരാതി

ഘടക കക്ഷികള്‍ക്കിടയിലും പാര്‍ട്ടി അണികളിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്
കെ സുധാകരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ/ ഫയൽ ചിത്രം
കെ സുധാകരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ/ ഫയൽ ചിത്രം

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ തുറന്ന പോരിന് കെപിസിസി നേതൃത്വം. രണ്ട് നേതാക്കള്‍ പാര്‍ട്ടിയെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പുറത്തുവിടുവിടുന്നു. പാര്‍ട്ടിക്കകത്തെ അഭിപ്രായവ്യത്യാസങ്ങള്‍ യുഡിഎഫിലേക്കും വലിച്ചിഴയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നു. 

അനാവശ്യ വിവാദം ഉണ്ടാക്കുന്നു

ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി നേതൃത്വം ഉടന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് സൂചന.  നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ യശസ്സ് ഇല്ലാതാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുകയാണ്. ഘടക കക്ഷികള്‍ക്കിടയിലും പാര്‍ട്ടി അണികളിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പരാതി ഉള്ളത് പാര്‍ട്ടി പുന:സംഘടനയില്‍ ആണ്. ഈ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറായിട്ടും അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും കെ പി സി സി നേതത്വം പറയുന്നു.

മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂര്‍വമാണ്

കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടു നിന്നിരുന്നു. ഇക്കാര്യവും കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കും. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിട്ടും ഇവര്‍ മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂര്‍വമാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസത്തെ യുഡിഫ് യോഗം ബഹിഷ്‌ക്കരിച്ചതിന് ഒരു കാരണവും ഇല്ലെന്നും സംസ്ഥാനനേതൃത്വം ചൂണ്ടിക്കാട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com