മുല്ലപ്പെരിയാര്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ?; അവര്‍ വെള്ളം കുടിക്കാതെയും നമ്മള്‍ വെള്ളം കുടിച്ചും ചാകുമെന്ന് എംഎം മണി

സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട്
എംഎം മണി/ ചിത്രം ഫെയ്‌സ്ബുക്ക്‌
എംഎം മണി/ ചിത്രം ഫെയ്‌സ്ബുക്ക്‌

നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണി. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും എംഎം മണിപറഞ്ഞു. 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചില ആളുകള്‍ ചേര്‍ന്ന് ഭീതി പരത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയല്‍ പറഞ്ഞത്. പ്രശ്‌നത്തെ ചിലര്‍ വഴിതിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം തകരുമെന്നും ലക്ഷകണക്കിനാളുകള്‍ മരിക്കുമെന്നും ചിലര്‍ ഭീതി പരത്തുന്നുണ്ട് .എന്നാല്‍ അത്തരം സാഹചര്യം നിലവിലില്ല. ഇത്തരം പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണ്.അവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായാണ് ഇക്കാര്യത്തില്‍ എംഎം മണിയുടെ നിലപാട് എന്നതും ശ്രദ്ധേയമാണ്.

എംഎം മണിയുടെ വാക്കുകള്‍

'സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും.

വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്‌നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്. അതിനോട് യോജിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്‌നം വേഗത്തില്‍ തീരും.. ഇല്ലേ വല്ലോം സംഭവിച്ചാല്‍ ദുരന്തമായി തീരും. ഇത് നില്‍ക്കുവോ എന്ന് തുരന്ന് നോക്കാന്‍ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല.

എത്രയും വേഗം പുതിയ ഡാമിന് രണ്ട് സര്‍ക്കാരും ചേര്‍ന്നാല്‍ തീരും. ഇതിനും നിങ്ങള്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ശബ്ദം ഉയര്‍ത്തണം എന്നാണ് എനിക്ക് തോന്നുന്നത്. വിഷയം ഉയര്‍ത്തുമ്പോള്‍ രണ്ട് സംസ്ഥാനത്തേയും ജനങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷമുണ്ടാകാതെ തന്മയത്തത്തോടെ വേണം കൈകാര്യം ചെയ്യാന്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com