വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രം, ഇപ്പോള്‍ നടപടിയില്ല; വിശദീകരണം നല്‍കാന്‍ സാവകാശം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 02:37 PM  |  

Last Updated: 30th November 2021 02:37 PM  |   A+A-   |  

vaccination in kerala

മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് , ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സാവകാശം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്തുകാരണം കൊണ്ടാണ് വാക്‌സിന്‍ എടുക്കാത്തത് എന്ന കാര്യം ബോധ്യപ്പെടുത്തണം. വിശദീകരണം നല്‍കുന്നത് പരിശോധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അധ്യാപകരും അനധ്യാപകരുമായി സംസ്ഥാനത്ത് അയ്യായിരത്തോളം പേര്‍ വാക്‌സിനെടുക്കാത്തവരായി ഉണ്ട്. വാക്‌സിനെടുക്കാത്തവരെ സ്‌കൂളില്‍ വന്ന് ക്ലാസ് എടുക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാം. വാക്‌സിനെടുക്കാത്തവരെ ഒരുതരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 47 ലക്ഷം വിദ്യാര്‍ഥികളാണ് ഉള്ളത്. ഇവരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത്. സമൂഹത്തിന്റെ താത്പര്യം പരിഗണിക്കാന്‍ അധ്യാപകര്‍ തയ്യാറാവണം. വാക്‌സിനെടുക്കാത്ത അധ്യാപകരുള്ള സകൂളുകളിലേക്ക് കുട്ടികളെ അയക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിലവില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ സാവകാശം നല്‍കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അടക്കം എന്തു കാരണം കൊണ്ടാണ് വാക്‌സിന്‍ എടുക്കാത്തത് എന്നതില്‍ വിശദീകരണം നല്‍കണം. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.