സ്മാർട് ടിവി ഓഫറിൽ വാങ്ങാൻ ​ഗൂ​ഗിളിൽ തിരഞ്ഞു; കിട്ടിയ നമ്പറിൽ വിളിച്ചു; വീട്ടമ്മയ്ക്ക് നഷ്ടമായത് 77,000 രൂപ! ഒടുവിൽ...

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 10:15 AM  |  

Last Updated: 30th November 2021 10:15 AM  |   A+A-   |  

Latest Kerala State News

ഫയല്‍ ചിത്രം

 

കൊച്ചി: സ്മാർട് ടിവി ഓഫറിൽ വാങ്ങാനായി ​ഗൂ​ഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ് കിട്ടിയ നമ്പറിൽ വളിച്ച വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 77,000 രൂപ. ആലുവ സ്വദേശിനിയായ വീട്ടമ്മയാണ് ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ പരതി കബളിപ്പിക്കപ്പെട്ടത്. റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട തുക വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. 

ദീപാവലിയിൽ സ്മാർട് ടിവിക്ക് ഓഫർ ഉണ്ടോ എന്നറിയാനാണ് വീട്ടമ്മ ​ഗൂ​ഗിളിൽ സെർച്ച് ചെയ്തത്. ലഭിച്ചത് വ്യാജ നമ്പറാണെന്നറിയാതെ കിട്ടിയ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. ഓഫർ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കിലെ ഫോറം പൂരിപ്പിച്ചു നൽകാനും തട്ടിപ്പ് സംഘം അറിയിച്ചു.

യഥാർഥ കമ്പനിയുടേതെന്നു തോന്നിക്കുന്ന തരത്തിലുളള ലിങ്കും ഒപ്പം ഒരു ഫോമും അയച്ചു നൽകി. അതിൽ പേരും അക്കൗണ്ട് നമ്പറും ബാങ്ക് യുപിഐ ഐഡി വരെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഒറിജിനൽ എന്ന വിശ്വാസത്തിൽ വീട്ടമ്മ വിശദാംശങ്ങളെല്ലാം നൽകി. ഉടനെ നൽകിയ എസ്എംഎസ് സന്ദേശം സംഘം നിർദേശിച്ച മൊബൈൽ നമ്പറിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. വീട്ടമ്മ ഉടൻ അയച്ചു നൽകി. ഇതോടെ വീട്ടമ്മയുടെ ഓൺലൈൻ നെറ്റ് ബാങ്കിങ്ങിന്റെ നിയന്ത്രണം തട്ടിപ്പു സംഘത്തിന്റെ കൈകളിലായി.

സംഘം മൂന്നു പ്രാവശ്യമായി 25,000 രൂപ വച്ച് 75,000 രൂപ ഓൺലൈനിലൂടെ പിൻവലിച്ചു. 2,000 രൂപ അക്കൗണ്ട്‌ ട്രാൻസ്ഫർ നടത്തുകയും ചെയ്തു. പണം നഷ്ടപ്പെട്ട വീട്ടമ്മ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് പരാതി നൽകി. തുടർന്നു സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം ഈ തുക ഉപയോഗിച്ച് ഓൺലൈൻ വ്യാപാര സൈറ്റുകളിൽ നിന്ന് 50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ വാങ്ങിയെന്നും 25,000 രൂപയുടെ പർച്ചേസ് നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. 

തുടർന്ന് സംഘം നടത്തിയ ബാങ്ക് ഇടപാട് മരവിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടിൽ പണം തിരികെയെത്തിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘമാണെന്നു കണ്ടെത്തിയിട്ടുണ്ട്.